Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

ചെന്നൈയിൽ ബാറിന് പുറത്ത് തർക്കം; യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

📅 June 01, 2026 | BY SUDHEER KABEER

 

ചെന്നൈയിൽ ബാറിന് പുറത്തുണ്ടായ തർക്കത്തെ തുടർന്ന് 18 വയസ്സുകാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിലായി. വിഴുപുരം സ്വദേശിയായ യാൻസി (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലമുരുകൻ (21), ജോഷ്വ (19), കിഷോർ കുമാർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


ചെന്നൈയിലെ ഒരു ബാറിൽ നൃത്തം ചെയ്യുന്നതിനിടെയാണ് യാൻസിയും സുഹൃത്തുക്കളും പ്രതികളുമായി തർക്കത്തിലേർപ്പെട്ടത്. ബാറിലെ ബൗൺസർമാർ ഇടപെട്ട് അന്ന് രംഗം ശാന്തമാക്കിയെങ്കിലും ബാറിന് പുറത്തുവച്ചും തർക്കം തുടരുകയായിരുന്നു. ഇതേത്തുടർന്ന് ബൗൺസർമാർ ഇരു വിഭാഗത്തോടും സ്ഥലം വിട്ടുപോകാൻ നിർദ്ദേശിച്ചു.


തുടർന്ന് സ്കൂട്ടറിൽ മടങ്ങിപ്പോവുകയായിരുന്ന യാൻസിയെയും സുഹൃത്തുക്കളെയും പ്രതികൾ പിന്തുടരുകയായിരുന്നു. യാത്രയ്ക്കിടെ കാറിലുണ്ടായിരുന്ന പ്രതികളെ യാൻസിയുടെ സംഘം വീണ്ടും കണ്ടുമുട്ടുകയും, കാറിനുനേരെ കല്ലെറിയുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ യാൻസിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ പിന്തുടർന്നെത്തി മനപ്പൂർവ്വം ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യാൻസി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന 17 വയസ്സുകാരിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


പ്രായപൂർത്തിയാകാത്തവരെ ബാറിൽ പ്രവേശിപ്പിച്ചതിന് ബാർ അധികൃതർക്കെതിരെയും പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും, ഒളിവിലുള്ള മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.


« Newer Post Older Post »
Link Copied! ✅