Vazhcha Yugam & News On The Go
FLASH NEWS
Loading Headlines...

സിനിമ ചിത്രീകരണത്തിന് എത്തിയവർ‌ സാധനങ്ങൾ കടം വാങ്ങി പണം നൽകാതെ മുങ്ങി; സിനിമക്കഥ പോലെ ഒരു തട്ടിപ്പ്

📅 June 03, 2026 | BY SUDHEER KABEER

 

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് കേന്ദ്രീകരിച്ച് നടന്ന സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രാദേശിക വ്യാപാരികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതായി പരാതി. ചിത്രീകരണത്തിനായി പ്രദേശത്ത് തങ്ങിയ സിനിമ പ്രവർത്തകർ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ കടം വാങ്ങിയ ശേഷം പണം നൽകാതെ മടങ്ങി എന്നാണ് ആരോപണം. കോഴിയിറച്ചി, താറാവ്, കോഴിമുട്ട തുടങ്ങിയ അവശ്യവസ്തുക്കൾ വ്യാപാരികളിൽ നിന്ന് വാങ്ങിയെങ്കിലും ഇതിനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.


ഉരുൾപൊട്ടൽ ദുരന്തം വിതച്ച നാശനഷ്ടങ്ങളിൽ നിന്നും രോഗാവസ്ഥകളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വ്യാപാരികൾക്ക് സിനിമ സംഘത്തിന്റെ വരവ് ഒരു ആശ്വാസമായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ, വ്യാപാരികൾക്ക് ഇത്തരമൊരു ദുരനുഭവം പ്രതീക്ഷിച്ചിരുന്നില്ല. സാധനങ്ങൾ താമസസ്ഥലത്ത് എത്തിക്കാൻ സ്വന്തം നിലയ്ക്ക് വണ്ടിക്കൂലി നൽകിയ വ്യാപാരികൾ പോലും ഇക്കൂട്ടത്തിലുണ്ട്.


2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയായിരുന്നു സിനിമ സംഘം വിലങ്ങാട് തങ്ങിയിരുന്നത്. വിഷയത്തിൽ പ്രതികരണവുമായി സിനിമ നിർമാതാവ് ആഷിഖ് അബു രംഗത്തെത്തി. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനായി വടകര സ്വദേശിയായ കരാറുകാരനെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും, അവരാണ് വ്യാപാരികൾക്ക് പണം നൽകാനുള്ളതെന്നുമാണ് ആഷിഖ് അബുവിന്റെ വിശദീകരണം. കരാറുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, അവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികൾക്ക് ലഭിക്കാനുള്ള തുക എത്രയും വേഗം നൽകുമെന്നും ആഷിഖ് അബു ഉറപ്പുനൽകി.


ചിത്രീകരണ വേളയിൽ വലിയ സഹകരണമാണ് വിലങ്ങാട്ടെ നാട്ടുകാരും വ്യാപാരികളും നൽകിയത്. തുക ലഭിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.


« Newer Post Older Post »
Link Copied! ✅