തൃശൂർ: മന്ത്രിക്കായി വീട്ടിൽ വിരുന്നൊരുക്കിയ സംഭവത്തിൽ മുതിർന്ന പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ. തൃശൂർ സ്വദേശിയായ പി എസ് അബ്ദുൾ റഹ്മാനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചത്.
ദീർഘകാലമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം മുൻപ് ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. മന്ത്രി ഒ ജെ ജനീഷ് തന്റെ നന്ദി പ്രകടന സന്ദർശനത്തിനിടെ എത്തിയപ്പോൾ വീട്ടിൽ വെച്ച് ഭക്ഷണം നൽകിയതാണ് അച്ചടക്ക നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഈ വിഷയത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പി എസ് അബ്ദുൾ റഹ്മാൻ പ്രതികരിച്ചു. “നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിൽ തെറ്റു കാണുന്നില്ലെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും 50 വർഷത്തിലധികമായി സിപിഐ പ്രവർത്തകനായ അബ്ദുൾ റഹ്മാൻ പറഞ്ഞു.” വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മെയ് 27-ന് മന്ത്രിക്കു വീട്ടിൽ വിരുന്ന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, നേതാവിന്റേത് പാർട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനമാണെന്നും സംഘടനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് ഈ നടപടിയെന്നും നേതൃത്വം വ്യക്തമാക്കുന്നു. തീരുമാനത്തിൽ അതീവ ദുഃഖവും അത്ഭുതവും രേഖപ്പെടുത്തിയ അബ്ദുൾ റഹ്മാൻ, ഈ നടപടി വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു.